28 September, 2011

മലയാളലിപി വീണ്ടും അപകടത്തിലേക്ക് : കെ.എച്ച്. ഹുസൈന്‍

സമകാലിക മലയാളം വാരിക vol 15, issue 18, September 30, 2011
തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി. മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു് മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍ വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു് എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍. ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു് തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

മലയാള ലിപിയും പരിഷ്കരണങ്ങളും


1824 ലാണു് മലയാള അക്ഷരങ്ങളുടെ ലോഹ അച്ചുകള്‍ക്കു് ബെഞ്ചമിന്‍ ബെയ്‌ലി രൂപം കൊടുക്കുന്നതു്. ബ്രഹ്മി അക്ഷരങ്ങളില്‍നിന്നു് രൂപംകൊണ്ട ഭാരതീയഭാഷകളുടെ അക്ഷരങ്ങളുടെ പാറ്റേണിനെ തകിടം മറിക്കാതെയാണു് കൂട്ടക്ഷരങ്ങളടക്കം അറുന്നൂറോളം അക്ഷരങ്ങളുടെ അച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയതു്. 1830 കളോടെ മലയാളത്തില്‍ അച്ചടിക്കുന്ന ഗ്രന്ഥങ്ങളുടെ എണ്ണം പെരുകാന്‍ തുടങ്ങി. മലയാളി സ്വന്തം അക്ഷരങ്ങളെ കാണാനും വായിക്കാനും എഴുതാനും ഇടയാകുന്നതു് അങ്ങനെയാണു്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട മലയാള ലിപിസമുച്ചയം ഇരുപതാംനൂറ്റാണ്ടിലേക്കെത്തുമ്
പോഴേക്കും കൂട്ടക്ഷരങ്ങള്‍ക്കും സ്വരചിഹ്നങ്ങള്‍ക്കും നിയതമായ വ്യവസ്ഥകളുണ്ടാക്കികൊണ്ട് സംതൃപ്തമായ സ്വയംപര്യാപ്തത കൈവരിച്ചു.

ഒന്നേകാല്‍ നൂറ്റാണ്ടോളം ചില്ലറ പരിഷ്കരണങ്ങളോടെ അച്ചടിയിലും എഴുത്തിലും സുവ്യവസ്ഥിതിയായി നിലനിന്നിരുന്ന മലയാള അക്ഷരങ്ങള്‍ വലിയൊരു അട്ടിമറിക്കു് വിധേയമാകുന്നതു് 1970 കളോടെയാണു്. ഭരണഭാഷ മലയാളമാക്കുക എന്ന മുറവിളി തുടങ്ങുകയും സര്‍ക്കാര്‍ ആപ്പീസുകളില്‍ ടൈപ്‌റൈറ്ററുകളുടെ എണ്ണം പെരുകുകയും ചെയ്തു. ഇംഗ്ലീഷ് കീബോര്‍ഡുകളുപയോഗിച്ചു് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ നമ്മുടെ അക്ഷരങ്ങളുടെ വൈപുല്യം തടസ്സമായി. അക്കാലത്തു ഓഫ് സെറ്റ് പ്രസ്സുകളില്‍ ലിനോ ടൈപ്പുകളും പ്രചാരത്തിലായി. അവ അടിച്ചുണ്ടാക്കാനും ഇംഗ്ലീഷ് കീബോര്‍ഡുകളെ ആശ്രയിക്കേണ്ടിവന്നു. അക്ഷരങ്ങളെ കുറക്കാതെ മലയാളത്തിനായി ടൈപ്‌റൈറ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നായപ്പേഴാണു് ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ ലിപിപരിഷ്കരണ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കുന്നതു്. ഉ, ഊ, ഋ എന്നിവയുടെ സ്വരചിഹ്നങ്ങളെയും റകാര (രേഫ) ത്തേയും വ്യജ്ഞനങ്ങളില്‍നിന്നു് വേര്‍പ്പെടുത്തി പ്രത്യേക അടയാളങ്ങള്‍ നല്കപ്പെട്ടു. കൂട്ടക്ഷരങ്ങള്‍ മുഴുവന്‍ ചന്ദ്രക്കലയിട്ടു വേര്‍തിരിച്ചു. ഇരട്ടിപ്പുകള്‍ പോലും രണ്ടാക്കി. 'വട്ടം വേണ്ട' എന്നതു് 'വട്‌ടം വേണ്‌ട' എന്നായി. മലയാളികള്‍ക്കു് തികച്ചും അന്യമായൊരു ഭാഷ ടൈപ്‌റൈറ്ററുകളിലൂടെ ആവിഷ്കൃതമായി.

എഴുപതുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ എല്ലാ ദേശീയഭാഷകളിലും ഇത്തരം ലിപിപരിഷ്കരണശ്രമങ്ങള്‍ രൂപപ്പെടുകയുണ്ടായി. മലയാളമൊഴികെ മറ്റെല്ലാം ചവറ്റുകൊട്ടയില്‍ സ്ഥാനംകണ്ടു. ഗോദ്‌റെജും ഹാല്‍ഡയും റെമിഗ്ട്ടണും ടൈപ്‌റൈറ്റര്‍ വിറ്റ് കേരളത്തില്‍ കച്ചവടം പൊടിപൊടിച്ചു. നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം ഭരണഭാഷ എവിടെ എത്തിനില്‍ക്കുന്നു? കഴിഞ്ഞ ദിവസങ്ങളിലാണ് കോടതിഭാഷ മലയാളമാക്കണമെന്നു പറഞ്ഞ് വന്ദ്യവയോധികനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഐക്യമലയാള സമിതിക്കുവേണ്ടി പ്രസ്താവനയിറക്കിയത്. മുപ്പതിലേറെ വര്‍ഷങ്ങളായി എഴുമറ്റൂര്‍ രാജരാജവര്‍മ്മയെപ്പോലെയുള്ളവര്‍ ഔദ്യോഗിക പദവിയിലിരുന്നു് ഇതു കൈവരിക്കാന്‍ അഹോരാത്രം പണിയാന്‍ തുടങ്ങിയിട്ടു്.

ഭരണഭാഷ മലയാളത്തിന്റെ നാലയല്‍പക്കത്തെത്തിയില്ല എന്നതു പോകട്ടെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മലയാളിയുടെ സ്വന്തം അക്ഷരങ്ങള്‍ ഇക്കാലയളവില്‍ വികലമാക്കപ്പെടുകയും അക്ഷരങ്ങളെ ഭയപ്പെടുന്ന ഒരു തലമുറ രൂപപ്പെടുകയും ചെയ്തു. 1968 ല്‍ ലിപിപരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ശൂരനാട്ടുകുഞ്ഞന്‍പിള്ള സര്‍ക്കാരിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാന ഖണ്ഡികയില്‍ വളരെ വ്യക്തമായി എഴുതിയിരുന്നു, ഈ പരിഷ്കാരം ടൈപ്പ്‌റൈറ്ററിനു വേണ്ടി മാത്രമാണെന്നും ഒരിക്കലും ഇത് വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും. പിന്നെ എങ്ങനെയാണ് 1974 ല്‍ ഒന്നാം പാഠപുസ്തകം പരിഷ്കരിച്ച ലിപിയില്‍ അച്ചടിച്ചിറങ്ങിയത്?

കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനാശാസ്യമായ ഇടപെടലുകള്‍ ഇവിടെനിന്നും തുടങ്ങുന്നു. സയന്‍സിലും സോഷ്യല്‍ സയന്‍സിലും മറ്റുമുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനും ശാസ്ത്രസാങ്കേതിക പദാവലികളുണ്ടാക്കാനുമാണ് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു് സര്‍ക്കാര്‍ രൂപംകൊടുത്തത്. മലയാളലിപിയില്‍ തീര്‍പ്പുകല്പിക്കാനുള്ള ഒരു അധികാരവും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനില്ല. മലയാളത്തിലെ 900 അക്ഷരങ്ങളെ തൊണ്ണൂറ് അക്ഷരങ്ങളാക്കി ചുരുക്കി എന്ന് അഭിമാനപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നിടംവരെ കാര്യങ്ങളെത്തി. (ഡോ. തമ്പാനും ചിത്രജകുമാറും തമ്മിലുള്ള 1999 ലെ ഏഷ്യാനെറ്റിലെ സംവാദം). ഞങ്ങളുടെ മാതൃഭാഷയില്‍ ഒമ്പതിനായിരം അക്ഷരങ്ങളുണ്ടെന്ന് അഭിമാനത്തോടെ വിളിച്ചോതുന്ന ചൈനീസ് ജനത ഇതേ ഭൂഖണ്ഡത്തില്‍ തന്നെ ജീവിക്കുന്നു എന്നോര്‍ക്കുക.

എഴുപതുകളിലെ ടൈപ്പ്‌റൈറ്റര്‍ ലിപി എണ്‍പതുകളുടെ മദ്ധ്യത്തോടെ അച്ചടിയില്‍ വീണ്ടും പരിഷ്കരിക്കപ്പെട്ടു. ഇതു പക്ഷേ നിശബ്ദമായ ഒരു പ്രക്രിയയായിരുന്നു. കേരളീയരുടെ മേശപ്പുറത്ത് കംപ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. 1985 ഓടെ കേരളത്തില്‍ ഡി.ടി.പി. സെന്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പഴയ അച്ചുകൂടങ്ങള്‍ പോകുകയും മിനി ഓഫ് സെറ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തു. മലയാളം അച്ചടി പൂര്‍ണ്ണമായും ഡി.ടി.പി യെ ആശ്രയിക്കാന്‍ തുടങ്ങി. ബോംബെയില്‍ നിന്ന് അബാക്കസ്, ഹൈദരാബാദില്‍ നിന്ന് വിഷന്‍, ബാംഗ്ലൂരില്‍നിന്ന് പ്രകാശക്, പൂനയില്‍നിന്ന് സിഡാക്കി ന്റെ ISMGist എന്നിങ്ങനെ മലയാളം ഡി.ടി.പി.ക്കായുള്ള പാക്കേജുകളുടെ വരവായി. ആസ്കി / ഇസ്കി (ASCII / ISCII) എന്‍കോഡിംഗിനെ ആസ്പദമാക്കിയുള്ള ഇത്തരം പാക്കേജുകളിലെ ഫോണ്ടുകളിലെ 256 കള്ളികളില്‍ പരിഷ്കരണത്തില്‍ മണ്മറഞ്ഞുപോയ പല കൂട്ടക്ഷരങ്ങളും തിരിച്ചുവന്നു. 'ണ്ട', 'ട്ട' എന്നിവയൊക്കെ രക്ഷപ്പെട്ടു. എന്നാല്‍ ഓരോ പാക്കേജും അവരവര്‍ക്ക് തോന്നിയപോലെയാണ് കൂട്ടക്ഷരങ്ങളെ ഫോണ്ടുകളില്‍ തിരുകിയതു്. ചിലതില്‍ 'ന്ദ' ഉണ്ടായിരുന്നില്ല, പക്ഷെ 'ന്ത' ഉണ്ടായിരുന്നു. ചിലതില്‍ നേരെ തിരിച്ചും. 'ക്ത' പോലെയുള്ള ചില കൂട്ടക്ഷരങ്ങള്‍ വിചിത്രമായ മറ്റൊരു വിധിയ്ക്ക് വിധേയമായി. ആപ്പിള്‍ മാക്കിന്റോഷ് ഉപയോഗിക്കുന്ന ഡി.സി. ബുക്‌സിന്റെ പുസ്തകങ്ങളില്‍ 'ക്ത' കൂട്ടക്ഷരമായി ഉണ്ടായിരുന്നു. പക്ഷെ 'ക'യുടെ അടിയിലായി 'ത' യുടെ സ്ഥാനം. മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ മറ്റൊരു വകഭേദം പ്രത്യക്ഷപ്പെട്ടു. ഉ, ഊ എന്നീ സ്വരചിഹ്നങ്ങള്‍ ലിപിപരിഷ്കരണം നിര്‍ദ്ദേശിച്ചതുപോലെ വേര്‍പെട്ടുനിന്നു. പക്ഷെ ഋകാരവും രേഫവും പഴയ ലിപിയിലേതുപോലെ വ്യഞ്ജനങ്ങളോടു് ഒന്നിച്ചുനിന്നു.

ഭാഷാകമ്പ്യൂട്ടിംഗില്‍ വ്യാപകമായ ഈ രണ്ടാം അട്ടിമറി സംഭവിക്കുന്ന ഏകദേശം പതിനഞ്ചു വര്‍ഷത്തോളം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു. അവരും ഭരണഭാഷക്കാരും ആ പഴയ ടൈപ്പ്‌റൈറ്റര്‍ കാലത്തു തന്നെയായിരുന്നു അപ്പോഴും. മലയാളം കമ്പ്യൂട്ടിംഗില്‍ സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിക്കണമെന്ന വേവലാതിയോടെ 1997ല്‍ 'മലയാളിത്തനിമ' യുമായി ഡോ. തമ്പാന്‍ രംഗപ്രവേശം ചെയ്യുമ്പോഴും കമ്പ്യൂട്ടര്‍ എന്നത് ടൈപ്‌റൈറ്ററിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് എന്ന അബോധത്തിലായിരുന്നു കാര്യങ്ങള്‍ കണ്ടതും അവതരിപ്പിച്ചതും. കമ്പ്യൂട്ടറിലും ടൈപ്‌റൈറ്ററിലും കീബോര്‍ഡുകള്‍ ഏതാണ്ടൊരുപോലെയാണല്ലോ!

'മലയാളിത്തനിമ'ക്കാര്‍ ഇതിനായി ആരുമറിയാതെ കമ്മിറ്റികള്‍ കൂടുകയും കുറെ കൈപുസ്തകങ്ങളിറക്കുകയും ചെയ്തു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും ഭാഷാവിദഗ്ദ്ധരും അതിന്റെ സമിതിയിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. എം.ടി യും ഒ.വി. വിജയനും ഒ.എന്‍. വിയും സുഗതകുമാരിയും ഗുപ്തന്‍നായരും സുകുമാര്‍ അഴിക്കോടും എം.എന്‍. വിജയനും അടക്കമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാരും തന്നെ മലയാളത്തനിമയിലില്ലെന്ന് വൈകാതെ വെളിവാക്കപ്പെട്ടു.

മലയാളത്തനിമയുടെ പ്രധാന കണ്ടെത്തല്‍ ലേഖനത്തിന്റെ ആരംഭത്തില്‍ പറഞ്ഞവയായിരുന്നു. ഋകാരവും രേഫവും വേണ്ട. അവ 'റ' യും 'ര' യും ഉപയോഗിച്ച് വൃത്തിയായി എഴുതാം. മലയാളം ഡി.ടി.പി യില്‍ പ്രചരിക്കുന്ന കൂട്ടക്ഷരങ്ങള്‍ക്ക് ഒരു വ്യവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനാല്‍ 'ന്ത' വേണം, 'ന്ദ' വേണ്ട!

ശ്രീകൃഷ്ണന്‍ --> ശ്‌റീക്‌റ്ഷ്‌ണന്‍

കൃത്രിമം --> ക്‌റ്ത്‌റിമം

ഉയര്‍ന്നു -> ഉയര്‍നു

നന്ദി --> നന്‌ദി

..... എന്നിങ്ങനെ. ചിഹ്നങ്ങളേയും ചിഹ്നനങ്ങളേയും കുറിച്ചും പദസംയോജനങ്ങളെക്കുറിച്ചും ചില നിയമങ്ങള്‍ കൂട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. വിസര്‍ഗ്ഗവും പ്രശ്ലേഷവും വേണ്ടേവേണ്ട. 'ദു:ഖം' എന്നത് 'ദുഖം' എന്നെഴുതിയാല്‍ പോരേ? അഥവാ 'ഖ' യ്ക്ക് ശക്തിപോരെന്നു തോന്നുകയാണെങ്കില്‍ 'ദുഖ്ഖം' എന്നായിക്കോളൂ. അതിഖരം വീണ്ടും ഇരട്ടിപ്പിക്കാമെന്നിടത്തുവരെയെത്തിയ ഈ നിര്‍ദ്ദേശം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഞ്ചാമത്തേയോ ആറാമത്തേയോ കൈപ്പുസ്തകത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആ പതിപ്പുകളൊക്കെ അവര്‍ കത്തിച്ചുകളഞ്ഞു.

ഇതിനു കാരണം രചന അക്ഷരവേദിയായിരുന്നു. എങ്ങനേയും എഴുതാം, എങ്ങനേയും അച്ചടിക്കാം എന്ന ഒരു വ്യവസ്ഥയുമില്ലാതെ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷയുടെ പൂര്‍ണ്ണനാശത്തിലേയ്ക്കുള്ള വഴിയാണു് മലയാളത്തനിമ എന്ന് ചിത്രജകുമാര്‍ വാദിച്ചു. ലിപിമാറ്റം ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴിയാണു് എന്ന് എം.ടി. പ്രസ്താവിച്ചു. ലിപിപരിഷ്കരണത്തിലൂടെ നഷ്ടപ്പെട്ടുപോയ, പിന്നീട് ഡി.ടി.പി യിലൂടെ ഭാഗികമായി തിരിച്ചുവന്ന മലയാളത്തിന്റെ കൂട്ടക്ഷരങ്ങളുടെ സമഗ്ര ലിപിസഞ്ചയം കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കാനായി 'രചന' എന്ന സോഫ്ട്‌വെയര്‍ പ്രോഗ്രാം ചെയ്യപ്പെട്ടു. കേരളത്തിലെ ഭാഷാപ്രേമികള്‍ രചനയെ സഹര്‍ഷം സ്വാഗതംചെയ്തു. എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം സമകാലിക മലയാളത്തിന്റെ ഓരോ ലക്കത്തിലും തനതുലിപിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മലയാളം ഡി.ടി.പി. യില്‍ അസാദ്ധ്യമെന്ന് കരുതിയ അദ്ധ്യാത്മരാമായണത്തിന്റേയും സത്യവേദപുസ്തക (ബൈബിള്‍) ത്തിന്റേയും പഴയലിപിയിലുള്ള ടൈപ്‌സെറ്റിംഗ് രചനയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു.

തമ്പാനും പ്രബോധചന്ദ്രന്‍നായരും രചനയെ എതിര്‍ത്ത് സര്‍ക്കാര്‍ ചെലവില്‍ അങ്ങിങ്ങ് കറങ്ങിയടിച്ചു നടന്നു. ക്രമേണ അതും അപ്രത്യക്ഷമായി.

യൂണികോഡ് കാലം

രചന അക്ഷരവേദി ഉയര്‍ത്തിപ്പിടിച്ച 'നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി' എന്ന മുദ്രാവാക്യമാണ് പിന്നീട് മലയാള ഭാഷാസാങ്കേതികതയെ അടിമുടി മാറ്റിമറിച്ച യൂണികോഡിന് ശരിയായ ദിശാബോധം നല്കിയത്. 2003 ല്‍ യൂണികോഡ് എന്‍കോഡിംഗിന്റെ വരവോടെ മലയാളലിപിയെക്കുറിച്ച് രചന അവതരിപ്പിച്ച എല്ലാ പരികല്പനകളും ശരിയാണെന്ന് തെളിഞ്ഞു. മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍, ലുപ്തപ്രചാരമായവയടക്കം, ആയിരത്തോളമേ വരൂ. ഒരു യൂണികോഡ് ഫോണ്ടില്‍ അറുപത്തയ്യായിരത്തിലധികം അക്ഷരസ്ഥാനങ്ങളുണ്ട്. വേഡ് പ്രോസസ്സിംഗും ടൈപ്‌സൈറ്റിംഗും മാത്രമല്ല വിവരവ്യവസ്ഥകളും (Information Systems) മലയാളത്തില്‍ അനായാസേന യൂണികോഡ് സാദ്ധ്യമാക്കി. ബ്ലോഗുകളുടേയും വിക്കിപീഡിയയുടേയും വളര്‍ച്ച ഇതര ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് അന്യാദൃശമായിരുന്നു മലയാളത്തില്‍. ചില്ലക്ഷരങ്ങളുടെ എന്‍കോഡിംഗ് പോലെയുള്ള അപകടങ്ങള്‍ മലയാളം യൂണികോഡില്‍ പിന്നീട് സംഭവിച്ചെങ്കിലും മലയാളത്തിലെ അടിസ്ഥാന അക്ഷരങ്ങള്‍ യൂണികോഡില്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യൂണികോഡ് ഫോണ്ടുകളിലൂടെ മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം അനായാസേന സാദ്ധ്യമാകുമെന്ന് രചന, മീര, അജ്ഞലി എന്നീ ഫോണ്ടുകള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മാതൃഭൂമി. മംഗളം എന്നീ ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ മീര യൂണികോഡ് ഫോണ്ടുപയോഗിച്ച് തനതു ലിപിയിലായിട്ട് വര്‍ഷങ്ങളായി.

രണ്ടാം വരവ്

അപ്പോഴാണ് മലയാളത്തനിമ സ്വന്തം ശവക്കുഴിയില്‍നിന്ന് പുറത്തുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണ കമ്പ്യൂട്ടറല്ല വിഷയം, മൊബൈലാണ് !

ഈ തത്രപ്പാടിനു് കാരണമായി പറഞ്ഞുകേള്‍ക്കുന്ന വിചാരങ്ങള്‍ ഇവയാണു്: വിവരവിനിമയ (Information Communication) ത്തിന്റെ യുഗത്തെ മലയാളി പൂര്‍ണ്ണമായി ആശ്ലേഷിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ആഗോളവിജ്ഞാനം മൊബൈലിലൂടെ മലയാളിയുടെ വിരല്‍ത്തുമ്പിലാകാന്‍ പോകുന്നു. ഇമെയില്‍ അടക്കമുള്ള സന്ദേശങ്ങളും ചാറ്റിംഗുകളും ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍നിന്ന് വേര്‍പെട്ട് മൊബൈലില്‍ കുടിയേറിയിരിക്കുന്നു. അതിനാല്‍ മൊബൈലിലെ കേവലം ഒമ്പതും മൂന്നും പന്ത്രണ്ടോളം അക്ഷരകട്ടകളെ (Keys) അടിസ്ഥാനമാക്കി മലയാളലിപിയെ പുന:വ്യന്യസിച്ചില്ലെങ്കില്‍ മലയാളിയുടെ ഭാവി ഇരുണ്ടുപോകും.....പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മുഴങ്ങിക്കേട്ട അതേ സ്വരം, അതേ നായകര്‍. അന്ന് കമ്പ്യൂട്ടറിന് 90 കട്ടകളെങ്കിലും ഉണ്ടായിരുന്നു. ഇന്ന് മൊബൈലില്‍ പത്തിലൊന്നു മാത്രം. മലയാളത്തിന്റെ നാശംപിടിച്ച അക്ഷരവൈപുല്യത്തെ എന്നെന്നേക്കുമായി കടിഞ്ഞാണിട്ടില്ലെങ്കില്‍, ഈ കട്ടകളിലേക്ക് ചുരുക്കിയില്ലെങ്കില്‍ മലയാളമല്ല നശിക്കാന്‍ പോകുന്നത്, മലയാളി സമൂഹം ഒന്നടങ്കമാണ്.

സാമൂഹ്യവും ചരിത്രപരവുമായ വേവലാതികളില്‍പെട്ടു് വലയുകയാണു് മലയാളത്തനിമക്കാര്‍. രചന മൂലം അവര്‍ക്കു് അനുഭവിക്കേണ്ടിവന്ന അപഖ്യാതികളില്‍നിന്ന് രക്ഷപ്പെടാനുള്ള മികച്ച അവസരമാണു് മൊബൈല്‍ രൂപത്തില്‍ അവതരിച്ചിരിക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും (SMC) മറ്റു സന്നദ്ധസംഘടനകളും ആര്‍ജ്ജിച്ചെടുത്ത നേതൃപദവി കൈക്കലാക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഒരു നേരമില്ല. കൂട്ടിന് തിരുവനന്തപുരത്തെ സിഡാക്കുമുണ്ട് . നേര്‍വഴിക്കു വന്ന മലയാളം യൂണിക്കോഡിനെ ചില്ലക്ഷരങ്ങളുടെ കാര്യം പറഞ്ഞ് തുലച്ച ക്രെഡിറ്റും സിഡാക്കിനുണ്ട്. ഈയിടെ സിഡാക്ക് IDN (ഇന്റര്‍നാഷണല്‍ ഡൊമൈന്‍ നെയിം) നെ കുറിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് പുതിയ വേഷപ്പകര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഈ സമ്മേളനമാകട്ടെ നാലഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഗോപ്യമായി നടത്താനും, ഏകപക്ഷീയമായ തീരുമാനങ്ങള്‍ സര്‍ക്കാരിനെക്കൊണ്ടു് ഒപ്പിടുവിക്കാനും ശ്രമങ്ങള്‍ നടന്നതാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലെ സന്തോഷ് തോട്ടിങ്ങലിന്റെയും അനിവര്‍ അരവിന്ദിന്റെയും പ്രവീണ്‍ അരിമ്പ്രത്തൊടിയുടേയും ജാഗ്രതകള്‍കൊണ്ട് അവരുടെ രഹസ്യ അജണ്ടകള്‍ പൊളിഞ്ഞു. സമ്മേളനത്തില്‍ വെച്ച് ഭരണഭാഷാ വിശാരദനായ എഴുമറ്റൂര്‍ സ്വതന്ത്രമലയാളത്തിലെ കുട്ടികളോട് അസഹിഷ്ണുതയോടെ ചോദിച്ചത് എന്തുകൊണ്ട് ഭാഷാ ഇന്‍സ്റ്റിറ്റdയൂട്ടും സിഡാക്കും പറയുന്ന നിയമങ്ങള്‍ അനുസരിച്ചുകൂടാ എന്നാണ്!

അവരുടെ വീക്ഷണത്തില്‍ പുതിയ തലമുറ വഴിപിഴച്ചു പോയിരിക്കുന്നു. കുട്ടികളാകെ, പ്രത്യേകിച്ച് ഭാഷാകമ്പ്യൂട്ടിംഗിലുള്ള ഐടി വിദ്യാര്‍ത്ഥികള്‍ രചനയുടെയും മീരയുടെയും പഴയലിപി താങ്ങിപ്പിടിച്ചു നടക്കുകയാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്‌സ് പ്രവര്‍ത്തകം (ഉബുണ്ടു, റെഡ്ഹാറ്റ്, ഡെബിയാന്‍.....) രചനയിലൂടെ, മീരയിലൂടെ പഴഞ്ചന്‍ ലിപി പ്രചരിപ്പിക്കുകയാണു്. പോരാത്തതിന് ഇവരുടെയൊക്കെ ഗുരുവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ കേരളത്തില്‍ വന്ന് രചനയുടെ സമഗ്രലിപി സഞ്ചയം കേരളീയര്‍ക്കു മാത്രമല്ല, ലോകത്തിനാകെ സമര്‍പ്പിക്കുന്നു. ഐടി മിഷന്റെ അക്ഷയ പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് കുട്ടികള്‍ മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത് മീരഫോണ്ടുപയോഗിച്ച് പഴയലിപിയിലാണ്. ഐടി അറ്റ് സ്കൂള്‍ ലിനക്‌സില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മലയാളം അടിച്ചു പഠിക്കുന്നതും രചനയും മീരയും ഉപയോഗിച്ചു തന്നെ. ഭാഷയുടെ പോക്കു് എങ്ങോട്ടേക്കാണു്?

ഇതില്‍നിന്ന് ഭാഷയേയും സമൂഹത്തേയും രക്ഷപ്പെടുത്താനുള്ള ഏകവഴി മൊബൈലിനെ മലയാളത്തനിമയുടെ വഴിയിലേക്ക് കൊണ്ടുവരികയാണു് എന്നവര്‍ മോഹിച്ചുപോയതില്‍ അത്ഭുതപ്പെടാനില്ല. പണ്ടു് കുറച്ചൊക്കെ അബദ്ധങ്ങള്‍ പറ്റി എന്ന് ഡോ. തമ്പാന്‍ പറയുന്നുണ്ടുപോലും. (ഏതൊക്കെയാണവ?). ഇന്ന് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയത്തെ തള്ളിപ്പറഞ്ഞാല്‍ വിലപ്പോവില്ല എന്ന് അദ്ദേഹത്തിനും കൂട്ടര്‍ക്കും നന്നായറിയാം. പക്ഷെ അതൊക്കെ കമ്പ്യൂട്ടറിന്റെ കാര്യമാണെന്നും മൊബൈലില്‍ സാങ്കേതികത വ്യത്യസ്തമാണെന്നും, കൈപ്പത്തിയിലൊതുങ്ങുന്ന ഇത്തിരിപ്പോന്ന യന്ത്രത്തില്‍ കമ്പ്യൂട്ടറിലുള്ള തൊള്ളായിരം അക്ഷരങ്ങള്‍ കേറ്റാന്‍ ശ്രമിക്കുന്നത് വിഫലമാണെന്നും, അതുകൊണ്ടുതന്നെ പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളത്തനിമ ചെത്തിവെടിപ്പാക്കിയ അക്ഷരമാല ഇന്ന് പ്രസക്തമായിവന്നിരിക്കുന്നു എന്നുമാണ് വാദം. മലയാളത്തിന്റെ മുഴുവന്‍ കൂട്ടക്ഷരങ്ങളും കമ്പ്യൂട്ടറിന്റെ 'മെമ്മറി'യില്‍ കൊള്ളില്ല എന്ന ഡോ. തമ്പാന്റെ ആ പഴയപ്രസ്താവന ഇപ്പോഴോര്‍ക്കുന്നത് രസകരമാണ്. മൊബൈല്‍ സാങ്കേതികത മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഇവര്‍ക്കു മനസ്സിലാകാന്‍ എത്ര കാലമെടുക്കും? ടൈപ്പ്‌റൈറ്ററില്‍ നിന്നു് ഇനിയും മോചനം കിട്ടാത്ത ഔദ്യോഗിക ഭാഷാവിദഗ്ദ്ധരാണ് മലയാളത്തെ മൊബൈലില്‍ ഒതുക്കിയിട്ടു കാര്യം എന്നുംപറഞ്ഞു് ചാടിയിറങ്ങാന്‍ പോകുന്നതു്.

മൊബൈല്‍ സാങ്കേതികത

ഡെസ്ക് ടോപ്/ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രധാനം ചെയ്യാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയും എന്നതാണ് സത്യം. 12 കീകളും ഒരു വിരലും ഉപയോഗിച്ച് മൊബൈലില്‍ ഇംഗ്ലീഷ് ഭാഷയ്ക്കായി ഒരുക്കിയിരിക്കുന്ന സംവിധാനം സാധാരണ കമ്പ്യൂട്ടര്‍ കീബോര്‍ഡുകളെക്കാള്‍ ഭാവനാപരവും സൗകര്യപ്രദവുമാണ്. ഒരൊറ്റ കീയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് അക്ഷരങ്ങളും ചിലതില്‍ നാലും (ഏഴാമത്തേയും ഒമ്പതാമത്തേയും അക്കക്കട്ടകള്‍) വ്യന്യസിച്ച് gd അമര്‍ത്തിയാല്‍ he ലഭിക്കുന്ന പദപ്രവചന (Predictive Text) ത്തിന്റെ രീതിശാസ്ത്രം T9 ഇന്‍പുട്ട് (Text on 9 Keys) മെതേഡ് എന്നാണറിയപ്പെടുന്നത്. ടൈപ്പ്‌റൈറ്ററിന്റെ 90 കട്ടകളില്‍നിന്ന് മൊബൈലിന്റെ 9 കട്ടകളിലേക്ക് യാന്ത്രികത ചുരുങ്ങിയപ്പോള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ വെട്ടിക്കുറക്കാനൊന്നും ഒരു ശ്രമവും നടന്നിട്ടില്ല. പകരം 90 കട്ടകളില്‍ സാധ്യമായതിനെക്കാള്‍ എളുപ്പത്തില്‍ 9 കട്ടകളില്‍ ഭാഷാവ്യവഹാരങ്ങളെ പ്രായോഗികമാക്കുകയാണ് ചെയ്തത്. കട്ടകള്‍ പോയി ടച്ച് സ്ക്രീന്‍ പ്രചാരത്തിലാകുന്ന ഇക്കാലത്ത് പലതലങ്ങളില്‍ ദൃശ്യപരമായി വിന്യസിച്ച് ആയിരക്കണക്കിന് അക്ഷരങ്ങളെ തെരഞ്ഞെടുക്കാമെന്ന സാങ്കേതികപരിസരവും ജന്മംകൊണ്ടിരിക്കുന്നു. 'ക' യുടെ എല്ലാവര്‍ഗ്ഗങ്ങളേയും ഒരു വിരലനക്കംകൊണ്ടു് തിരഞ്ഞെടുക്കാനുള്ള സൗകര്യം സാധാരണ കമ്പ്യൂട്ടറിന്റെ കീബോഡിനുപോലും അചിന്ത്യമാണ്. ഇന്ന് മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തകമായി കൊടുങ്കാറ്റിന്റെ ആവേഗത്തോടെ പടരുന്ന ആന്‍ഡ്രോയ്ഡ് തുറന്നതും സ്വതന്ത്രവുമായ (Free and Open Source) ലിനക്‌സിന്റെ കെര്‍ണല്‍ ആണു് ഉപയോഗിക്കുന്നതു്. മൊബൈലില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ അനന്ത സാദ്ധ്യതകളാണ് ആന്‍ഡ്രോയ്ഡ് തുറന്നിടുന്നത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മലയാളത്തിലുള്ള സന്ദേശങ്ങളുടെയും വിനിമയങ്ങളുടെയും ഇന്നുള്ള അതിരുകള്‍ ഭേദിക്കുമെന്ന് തീര്‍ച്ച.

പരിഷ്കരിച്ച മലയാളത്തനിമയ്ക്ക് മറ്റൊരു ഗൂഢോദ്ദേശം കൂടിയുണ്ട്. രചന അവതരിപ്പിച്ച സമഗ്ര ലിപിസഞ്ചയത്തിന്റെ കൂട്ടക്ഷരങ്ങളുടെ ശ്രേണിയില്‍നിന്ന് ലുബ്ധപ്രചാരമായിരിക്കുന്നു എന്നുപറഞ്ഞ് കുറേയെണ്ണം വെട്ടിക്കളയുക എന്നതാണത്. ഇതിനായി ഒരു സമിതി തന്നെ രൂപികരിച്ചുകൂടെന്നില്ല. നിലവിലുള്ള ഔദ്യോഗിക കീബോര്‍ഡ് പരിഷ്കരണസമിതിയുടെ കോമാളിത്തങ്ങള്‍ മലയാളികള്‍ ഏറെ കണ്ടിട്ടുള്ളതാണ്. കാലഹരണപ്പെട്ട രീതിശാസ്ത്രങ്ങളെ പിന്തുടരുന്ന ഇവര്‍ സാങ്കേതികവിഷയങ്ങളില്‍ കാലാനുസൃതമായി സ്വയം പരിഷ്കരിക്കാനും ലോകഭാഷാ സാങ്കേതികതയില്‍ രൂപംകൊള്ളുന്ന പുതിയ സാദ്ധ്യതകളെ സ്വംശീകരിക്കാനും അവശ്യമായ ബൗദ്ധികശേഷി ഒരിക്കലും പ്രദര്‍ശിപ്പിച്ചിട്ടില്ല. സ്വതന്ത്രവും തുറന്നതുമായ ഒരു പ്രവര്‍ത്തന രീതി ഇവരുടെ അജണ്ടയിലില്ലതാനും. കേരളത്തിലെ നദികളായ നദികളുടെ (നിള, പെരിയാര്‍, .....) പേരില്‍ ഇവര്‍ ഇറക്കിയിട്ടുള്ള പാക്കേജുകള്‍ ഓപ്പണ്‍ ആക്കാനുള്ള ആലോചനപോലും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കുക. അടഞ്ഞ രീതിശാസ്ത്രങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ഇവരില്‍നിന്ന് എന്തു് നന്മയാണ് ഭാഷയ്ക്കും ജനങ്ങള്‍ക്കും ലഭിക്കുക?

ചിഹ്നങ്ങളെയും പദസംയോജനങ്ങളെയും കുറിച്ചുള്ള മേമ്പൊടികളും ഇവരുടെ പുതിയ കുപ്പിയിലുണ്ട്. പഴയവീഞ്ഞല്ല ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ആ പഴയസൂത്രം തന്നെ. ഭാഷയുടെ ജൈവികതയോ ജനങ്ങളുടെ ഇച്ഛയോ അല്ല, ആസ്ഥാനസമിതികളിലെ അംഗത്വവും വ്യാജപ്രാമാണികതയും മാത്രമാണ് ഇവരുടെ ഏക താല്പര്യം.

1999 ലെ രചനാ സമ്മേളനത്തില്‍ ചിത്രജകുമാര്‍ അവതരിപ്പിച്ച വീക്ഷണങ്ങള്‍ ഭാഷാസാങ്കേതികതയുടെ വികസനത്തിന്റെ ഏതു ഘട്ടത്തിലും, അപകടങ്ങളുടെ ഏതു നാളുകളിലും ഓര്‍മ്മിക്കപ്പെടേണ്ടവയാണ്:

'ഒരു ഭാഷയുടെ എല്ലാ സാധ്യതകളേയും പ്രകാശിപ്പിക്കാന്‍ ഉതകുമ്പോഴാണ് അതിന്റെ ലിപിവ്യവസ്ഥ സമ്പൂര്‍ണ്ണമാകുന്നത്. ലിപിയെ സംബന്ധിച്ച സൗന്ദര്യബോധം എല്ലാ ജനങ്ങള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൗന്ദര്യം. അത് ഒരു സംസ്കാര ചിഹ്നമാണ്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ രൂപപ്പെടുന്ന ഒന്നാണ്. അവയ്ക്ക് കാലാകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍ അടിച്ചേല്പിക്കാന്‍ സാദ്ധ്യമല്ല. യന്ത്രത്തിനുവേണ്ടി ഭാഷയെ വികലമാക്കുകയല്ല, ഭാഷയ്ക്കുവേണ്ടി യന്ത്രത്തെ പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി ഒരു ജനത വികസിപ്പിച്ചെടുത്ത സ്വത്വസൗന്ദര്യങ്ങള്‍ യന്ത്രത്തിലൂടെ സൃഷ്ടിക്കാനാണ് ടെക്നോളജി ശ്രമിക്കേണ്ടത്.'