മയ്യഴി മഹാത്മാഗാന്ധി ഗവ. കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കഴിഞ്ഞ കുറച്ചു കാലമായി നിര്‍ജ്ജീവമായിരിക്കയായിരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍ സംഘടനയ്ക്ക് പുതുജീവന്‍ നല്കാനും പുതിയ സാരഥികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ദിവസം മയ്യഴിയിലെ അലിയാന്‍സ് ഫ്രാന്‍സേസിലും ഇന്ന് മാഹി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും ഇതിനായി യോഗം ചേരുകയുണ്ടായി. മയ്യഴിയുടെ പൊതുജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെല്ലാം സന്നിഹിതരായ ഇന്നത്തെ യോഗത്തില്‍ വിവരം അറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന മൂന്നു പേരും എത്തിയിരുന്നു.
ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന പവിത്രന്‍ മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം കോഴ്സു കഴിഞ്ഞിറങ്ങിയ അന്‍സില്‍ അരവിന്ദ് വരെയുള്ള എല്ലാവരും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ ആഹ്ലാദഭരിതരായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള സമകാലികരായിരുന്നവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് സജീവവും അര്‍ത്ഥപൂര്‍ണ്ണവുമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കാന്‍ നിശ്ചയിച്ചുകൊണ്ടാണ് യോഗനടപടികള്‍ പുരോഗമിച്ചത്.
കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പൊതുജീവിതത്തില്‍ ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കിക്കൊണ്ട് ഫെബ്രവരിമാസം 16ന് വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ചാലക്കരയിലെ കോളേജ് ഗ്രൌണ്ടില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുതയോഗത്തില്‍ കേരളസംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, മദിരാശി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.കെ.ശശിധരന്‍, മയ്യഴി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രി. രമേശ് പറമ്പത്ത് എന്നിവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
താങ്കള്‍ മയ്യഴി മഹാത്മാഗാന്ധി ഗവ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെങ്കില്‍, അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ ഈ വിവരം അവരുടെ ശ്രദ്ധയില്‍ പെടുത്തുക. സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ :
പ്രസിഡന്റ് : ശ്രീ.സി.എച്ച്.പ്രഭാകരന്‍
സെക്രട്ടറി : അഡ്വക്കറ്റ് എം.സിദ്ധാര്‍ത്ഥന്‍
ട്രഷറര്‍ : ശ്രി.കെ.കെ.രാജീവന്‍ തുടങ്ങിയവരാണ്.
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോസ്റ്റിന് സ്വന്തം വിലാസം അടക്കം കമന്റിടുക.അല്ലെങ്കില്‍ mggacollege@yahoo.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.
No comments:
Post a Comment